ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1947-നു മുമ്പ് കൊച്ചിരാജ്യത്ത് രാജവാഴ്ചയാണ് നിലനിന്നിരുന്നത്. ധനികകൃഷിക്കാരുടെയും കാര്‍ഷിക മുതലാളിമാരുടെയും ഇടത്തരം പറമ്പുടമകളുടെയും മര്‍ദ്ദനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഭീകര വാഴ്ചക്കും ഈ നാട്ടിലെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളും പ്രത്യേകിച്ച് കാര്‍ഷിക തൊഴിലാളികളും കുടികിടപ്പുകാരും വിധേയരാകേണ്ടി വന്നിട്ടുണ്ട്. ഭൂമിയുടെ സിംഹഭാഗവും രാജകുടുംബാംഗങ്ങളുടെയും അഴകിയകാവ് ദേവസ്വം, തിരുമല ദേവസ്വം, ശ്രീവരാഹം ദേവസ്വം, കോതക്കുളങ്ങര ദേവസ്വം തുടങ്ങിയ ദേവസ്വങ്ങളുടെയും ഉടമസ്ഥതയിലായിരുന്നു. ഈ വസ്തുവകകള്‍ പാട്ടത്തിന് എന്ന നിലയില്‍ സ്വയം അദ്ധ്വാനിക്കാതെ കാര്‍ഷിക തൊഴിലാളികളെക്കൊണ്ടും മറ്റും കൃഷി ചെയ്യിച്ചിരുന്ന ധനിക കൃഷിക്കാരും കാര്‍ഷിക മുതലാളിമാരും ഇടത്തരം പറമ്പുടമകളും ധാരാളം ഈ പഞ്ചായത്തിലുണ്ടായിരുന്നു. ഈ പറമ്പുടമകളുടെ ഭൂമിയില്‍ കുടികിടപ്പായി താമസിച്ചിരുന്നവരായിരുന്നു ഭൂരിഭാഗം ജനങ്ങളും. ശ്രീനാരായണ ഗുരുസ്വാമികള്‍ കുമ്പളങ്ങിയില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം അദ്ദേഹത്തിന്റെ സാമൂഹ്യ പരിഷ്കരണ പരിപാടികളില്‍ ജനങ്ങള്‍ ആഭിമുഖ്യം പ്രകടിപ്പിക്കുവാന്‍ തുടങ്ങി. വിദ്യാഭ്യാസ പുരോഗതിക്ക് ക്രിസ്ത്യന്‍ മിഷനറിമാരുടെ സേവനം എക്കാലത്തും സ്മരിക്കപ്പെടുന്ന ഒന്നാണ്. കുമ്പളങ്ങി പഞ്ചായത്തില്‍ ക്രിസ്ത്യന്‍ സഭയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ സെന്റ് പീറ്റേഴ്സ് സ്കൂളും തെക്കും വടക്കുമായി പ്രവര്‍ത്തനം തുടങ്ങിയ പ്രൈമറി സെക്കന്ററി സ്കൂളുകളും ഇല്ലിക്കല്‍ വി.പി.വൈ.എല്‍.പി. സ്കൂളും വിദ്യാഭ്യാസ പുരോഗതിക്ക് കാര്യമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. കലാകായിക രംഗത്ത് വളരെയധികം താല്പര്യമുള്ളവരാണ് ഇവിടെ ഉള്ളത്. ചന്ദ്രമോഹന്‍ തിയേറ്റര്‍ എന്ന സ്ഥിര നാടകവേദി, നവീന നടനകലാസമിതി (എന്‍.എന്‍.കെ.എസ്), ഐക്യകേരള തുടങ്ങിയ കലാസമിതികളും ഉണ്ടായിരുന്നു. കുമ്പളങ്ങി ഹൈസ്കൂള്‍, പ്രൈമറി സെക്കന്ററി സ്കൂളുകള്‍, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സ്കൂള്‍, പോസ്റ്റോഫീസ്, വില്ലേജ് ആഫീസ്, പഞ്ചായത്ത് ആഫീസ്, ആശുപത്രി, വായനശാലകള്‍, ക്ളബുകള്‍, വില്ലേജ് കോടതി എന്നിവയും ആദ്യകാലത്ത് ഈ പഞ്ചായത്തിലുണ്ടായിരുന്നു. കുമ്പളങ്ങി പെരുമ്പടപ്പ് പാലത്തിന്റെ അഭാവം കുമ്പളങ്ങി പ്രദേശത്തിന്റെ സര്‍വ്വതോന്മുഖമായ വികസനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 1947 മുതല്‍ 1956 വരെയുള്ള കാലഘട്ടം ഈ പഞ്ചായത്തില്‍ രാഷ്ട്രീയ പ്രബുദ്ധത ഉണ്ടായ കാലഘട്ടമായിരുന്നു. പല ബഹുജന സംഘടനകളും നിലവില്‍ വന്നു. ജേക്കബ് ഇടക്കാടന്‍റെ നേതൃത്വത്തില്‍ ഒരു ബീഡിതൊഴിലാളി സംഘവും പ്രജാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഒരു കുടിയാന്‍ സംഘവും പ്രവര്‍ത്തിച്ചിരുന്നു.1970-ല്‍ സമഗ്രമായ ഭൂപരിഷ്ക്കരണ നിയമം നിലവില്‍ വന്നതിന്റെ ഫലമായി കുടികിടപ്പുകാര്‍ക്ക് 10 സെന്റ് വരെയുള്ള കുടികിടപ്പു സ്ഥലം സ്വന്തമായി കിട്ടുവാനുള്ള സാഹചര്യം ഉണ്ടായി. കുടികിടപ്പുകാരാകട്ടെ കുടികിടപ്പു സംഘത്തിന്റെ നേതൃത്വത്തില്‍ ബലമായി തെങ്ങുകള്‍ കയറി തേങ്ങ ഇടുന്ന സമരം നടത്തുകയുണ്ടായി. ഇതിന്റെ ഫലമായി ട്രൈബ്യൂണല്‍ വഴിയായും സമ്മത പത്രപ്രകാരവും ഭൂരിപക്ഷം കുടികിടപ്പുകാര്‍ക്കും ഭൂമി സ്വന്തമാക്കാന്‍ സാധിച്ചു.ഈ കാലഘട്ടത്തിലെ എടുത്തുപറയേണ്ട ഒരു വസ്തുത കുമ്പളങ്ങിയിലെ കയര്‍ വ്യവസായത്തിന്റെ തകര്‍ച്ചയാണ്. എന്നാല്‍ കൂടുതല്‍ ആളുകള്‍ മത്സ്യ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. കായലിനോട് ചേര്‍ന്ന് കിടക്കുന്ന ചെളിമണ്‍ പ്രദേശത്താണ് നെല്‍കൃഷി നടത്തിവന്നിരുന്നത്. സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നു കിടക്കുന്ന ഭൂപ്രദേശമാണിവിടം. ഒരു വിള മാത്രമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത് പൂര്‍ണ്ണമായും കാലവര്‍ഷത്തെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ചെമ്മീന്‍ വാറ്റു സമ്പ്രദായമാരംഭിച്ചതോടെ ഉപ്പുവെള്ളം കെട്ടിനിര്‍ത്തുന്നതിനാല്‍ മണ്ണിന്റെ പുളിരസം ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ചെമ്മീന്‍ വാറ്റ് ആരംഭിക്കുന്നതിന് മുമ്പുള്ള കാലഘട്ടങ്ങളില്‍ ഓണക്കാലത്ത് ഈ പഞ്ചായത്ത് നിവാസികള്‍ക്കാവശ്യമായ അച്ചിങ്ങ, പാവയ്ക്ക, വഴുതനങ്ങ, ചീര, വെള്ളരിക്ക തുടങ്ങിയവയില്‍ ഏറിയകൂറും ഈ പ്രദേശത്തും പ്രാന്തപ്രദേശങ്ങളിലുമായി ഉല്പാദിപ്പിച്ചിരുന്നു. തൊട്ടടുത്ത് കിടക്കുന്ന കൊച്ചി കോര്‍പ്പറേഷന്റെ ഭാഗമായ പള്ളുരുത്തി ചന്തയിലും ഇവിടുത്തെ ഉല്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നു. ഉപ്പുവെള്ളത്തിന്റെ ആധിക്യം നിമിത്തം കവുങ്ങുകള്‍ പാടെ നശിച്ചുപോയിരിക്കുന്നു.കരയുടെ സിംഹഭാഗവും തീരസമതലത്തില്‍ പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും അല്‍പ്പം ഉയര്‍ന്നു കിടക്കുന്ന മണല്‍മണ്ണാണ് ഇവിടെ കണ്ടുവരുന്നത്. താരതമ്യേന വളം കുറഞ്ഞ മണ്ണാണിത് എങ്കിലും ജലസംഭരണ ശേഷിയുണ്ട്. നാലടി താഴ്ചയില്‍ കുഴിച്ചാല്‍ എവിടെയും വെള്ളം കിട്ടും. നെടുകയും കുറുകയും തോടുകളും സുലഭമാണ്. കുമ്പളങ്ങി ഗ്രാമപഞ്ചായത്തില്‍ ഇടത്തരം വ്യവസായങ്ങളും, കുടില്‍ വ്യവസായങ്ങളും കയര്‍, കള്ള് ചെത്ത് എന്ന പരമ്പരാഗത വ്യവസായങ്ങളുമാണ് ആദ്യകാലത്തുണ്ടായിരുന്നത്. 40-45 വര്‍ഷത്തിന് മുമ്പ് ഇന്നു കാണുന്ന കുമ്പളങ്ങി-എഴുപുന്ന റോഡ് ഗ്രാവല്‍ റോഡായിരുന്നു. ഉപറോഡുകള്‍ എന്ന നിലയില്‍ ഇല്ലിക്കല്‍ ജംഗ്ഷന്‍ റോഡ്, കണ്ടക്കടവ് റോഡ് എന്നിവ മാത്രമായിരുന്നു സഞ്ചാരയോഗ്യമായിട്ടുള്ള റോഡുകള്‍. പ്രധാനകടത്ത് ആയ കുമ്പളങ്ങി-പെരുമ്പടപ്പ് ഫെറി കടന്ന് പെരുമ്പടപ്പില്‍ നിന്ന്, ഇടക്കൊച്ചി, അരൂര്‍ പ്രദേശങ്ങളില്‍ നിന്നായിരുന്നു, കുമ്പളങ്ങി നിവാസികള്‍ യാത്രക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് ജലഗതാഗതത്തിന്‍റെ ഭാഗമായി എറണാകുളം, മട്ടാഞ്ചരി പ്രദേശങ്ങളിലേക്ക് ബോട്ട് സര്‍വ്വീസ് ആരംഭിച്ചു. 66-67 കാലഘട്ടത്തോടു കൂടി ബോട്ട് സര്‍വ്വീസ് നിര്‍ത്തുകയും ചെയ്തു. 1956-ല്‍ ആണ് ആദ്യമായി മറ്റു കരകളെ ബന്ധപ്പെടുത്തിക്കൊണ്ട് ബസ് സര്‍വ്വീസ് ആരംഭിച്ചത്. ബസ് കുമ്പളങ്ങി-പെരുമ്പടപ്പ് ഫെറിയിലൂടെ ചങ്ങാടത്തില്‍ കയറ്റി കഴുക്കോല്‍ ഉപയോഗിച്ച് ഊന്നിയാണ് അക്കരെ-ഇക്കരെ ബസ്സുകള്‍ കടത്തിക്കൊണ്ടിരുന്നത്. വാണിജ്യപരമായും നിത്യോപയോഗ സാധനങ്ങള്‍ എറണാകുളം മട്ടാഞ്ചരി ഭാഗങ്ങളില്‍ നിന്നും പഞ്ചായത്തില്‍ എത്തിച്ചുകൊണ്ടിരുന്നത് ജലമാര്‍ഗ്ഗം വലിയ വള്ളങ്ങളിലായിരുന്നു. ബസ് സര്‍വ്വീസ് ആദ്യമായി ആരംഭിക്കുമ്പോഴും ടാറിംഗ് ഇല്ലായിരുന്നു. കുമ്പളങ്ങിയുടെ ഹൃദയഭാഗത്ത് ഇന്നും തലയുര്‍ത്തി നില്‍ക്കുന്ന സെന്റ് പീറ്റേഴ്സ് ഹൈസ്കൂള്‍ സമീപ പ്രദേശങ്ങളുടെ ഒരു ആശാകേന്ദ്രമായി, ഉന്നത നിലവാരം പുലര്‍ത്തിക്കൊണ്ട് പരിലസിച്ചിരുന്നു. സി.ജോരസ് എന്ന വ്യക്തിയുടെ മഹാമനസ്കതയും ദീര്‍ഘവീക്ഷണവുമാണ് സെന്റ് പീറ്റേഴ്സ് ഹൈസ്ക്കൂള്‍, സി.ജോരസ് വായനശാല, ഈ നാടിന്റെ സേവനമേഖലയില്‍ ഏറെ സംഭാവന നല്‍കിയ ക്രിസ്ത്യാഭുന്നതീസമാജം എന്നീ സ്ഥാപനങ്ങള്‍. ഇതില്‍ സെന്‍റ്. പീറ്റേഴ്സ് സ്കൂള്‍ മാത്രം അഭിവ്യദ്ധിയോടുകൂടി ഇന്നും നിലനില്‍ക്കുന്നു.

പിന്നീട് രാഷ്ട്രീയ ബോധവൽക്കരണവും ജനകീയ സംഘടനകളും ശക്തമായി. 1970-ലെ ഭൂപരിഷ്കരണ നിയമം മൂലം കുടികിടപ്പുകാർക്ക് ഭൂമി സ്വന്തമാക്കാൻ സാധിച്ചു. പിന്നീട് കയർ വ്യവസായം ക്ഷയിച്ചപ്പോൾ മത്സ്യബന്ധനവും ചെമ്മീൻ കൃഷിയും പ്രധാന ഉപജീവന മാർഗങ്ങളായി മാറി.

ആദ്യകാലത്ത് ഗതാഗത സൗകര്യങ്ങൾ വളരെ കുറവായിരുന്നു. ഫെറി സർവീസുകളും ബോട്ട് സർവീസുകളും മാത്രമായിരുന്നു പ്രധാന യാത്രാമാർഗം. പിന്നീട് കുമ്പളങ്ങിയേയും പെരുമ്പടപ്പിനേയും ബന്ധിപ്പിച്ചുകൊണ്ട് കുമ്പളങ്ങി-പെരുമ്പടപ്പ് പാലവും, കുമ്പളങ്ങിയേയും എഴുപുന്നയേയും ബന്ധിപ്പിച്ചുകൊണ്ട് കുമ്പളങ്ങി-എഴുപുന്ന പാലവും വന്നതും,  റോഡുകളും ബസ് സർവീസുകളും വികസിച്ചതോടും കൂടി കുമ്പളങ്ങിയുടെ വളർച്ച വേഗത്തിലായി.

ഇന്ന് കുമ്പളങ്ങി ഇന്ത്യയിലെ ആദ്യ ഇക്കോ-ടൂറിസം ഗ്രാമമായി പ്രശസ്തമാണ്. ഗ്രാമീണ ജീവിതശൈലി, കായൽ സൗന്ദര്യം, ചീനവലകൾ, മത്സ്യബന്ധനം, ഹോംസ്റ്റേ ടൂറിസം എന്നിവ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നു.